Saturday, 23 July 2011

സുന്ദരവിഡ്ഢികള്‍ !

               
' നിന്റെ   കണ്ണുകള്‍  സുന്ദരങ്ങള്‍  ആണ് '  എന്ന്  പുരുഷന്‍  സ്ത്രീയോട്   ! 
' നിന്റെ  മുടിയാണ്  എന്നെ  ഏറെ  ആകര്‍ഷിച്ചത് ' എന്ന്  അതേ പുരുഷന്‍  മറ്റൊരു  സ്ത്രീയോട് മറ്റൊരു  അവസരത്തില്‍  !
രണ്ടു   പ്രസ്താവനകളും  അയാളുടെ  ആത്മവഞ്ചനയുടെ  അടയാളങ്ങള്‍  ആവാം ..
അല്ലെങ്കില്‍  പിന്നെ  ...വെറുതെ  ..വെറുതെ  ഒരു  രസത്തിനു   വേണ്ടി മാത്രമാകാം  ..
കുറഞ്ഞ  പക്ഷം  പെണ്ണ്  എങ്ങനെ  പ്രതികരിക്കുന്നു  എന്നറിയാം  .
പിന്നെ  ഒത്തുകിട്ടിയാല്‍  ആ  ഒരു  ചരടില്‍  പിടിച്ചു  കയറാം  ..വെറുതെ ......പോയാല്‍  ഒരു വാക്ക്  ..കിട്ടിയാല്‍  .ഒരു  പെണ്ണ്  ......!
  ' when  a woman is not  beautiful people  always  say " you  have  lovely eyes , you have lovely hair" .....'
എന്താണീ  ' സൌന്ദര്യം ' എന്ന്  ആലോചിക്കുമ്പോള്‍  ഒക്കെയും  പെട്ടെന്ന്  nostalgic  ആ ആയി പോകുന്ന  അവസ്ഥ  ! .
സൌന്ദര്യം  ഓരോരുത്തര്‍ക്കും   ഓരോരോ  തരത്തില്‍  !
ഒരാള്‍ക്ക്  സുന്ദരമെന്നു  തോന്നുന്നത്  മറ്റൊരാള്‍ക്ക് അങ്ങനെ   തോന്നണം   എന്നുമില്ലാ  
സൌന്ദര്യം  എക്കാലവും  സന്തോഷദായകം തന്നെ   ..
 അല്ലാ  എന്ന്  പറയുന്നത് ഈ  പ്രകൃതിയെ  തന്നെ  അവഗണിക്കല്‍  ആകാം  .
 അങ്ങനെ ....... 
 ഓര്‍ത്തോര്‍ത്തു  ചെന്ന് നില്‍ക്കുന്നത്,  തനി  ഗ്രാമത്തില്‍  ചിലവഴിച്ച  എന്റെ  ബാല്യത്തിലും  .!
ഞാന്‍  'അമ്മ ' എന്ന്  വിളിച്ചു  ശീലിച്ചത്  എന്റെ  അമ്മയുടെ  അമ്മയെ  ആണ്..അതായത്  അമ്മമ്മ    !
എന്റെ  അമ്മയുടെ   ഇളയമ്മയെ  'ഇളയമ്മ'  എന്നും  വിളിച്ചു  .
എന്റെ സ്വന്തം അമ്മയെ  ഞാന്‍ കൂടുതലും  കണ്ടിരുന്നത്‌  മുഷിഞ്ഞ  വേഷത്തില്‍  ആയിരുന്നു  ..എപ്പൊഴും  അടുക്കള ജോലിയില്‍  ..!
എന്നാല്‍ ' അമ്മമ്മ   '  എപ്പൊഴും തൂ  വെള്ള  വേഷത്തില്‍  ..കൂടുതലും ഭക്തിയിലും പ്രാര്‍ത്ഥനകളിലും മുഴുകി  .കഴിഞ്ഞു  .... ..
അവര്‍  കുട്ടികളെ  സ്നേഹിച്ചിരുന്നു  ... പക്ഷെ  ചില്ലറ നിഷ്ഠകള്‍ ഒക്കെ  ഉണ്ടായിരുന്നു  ..
പൂജാ പാത്രങ്ങള്‍  തൊട്ടു  കൂടാ  ..സന്ധ്യയ്ക്ക്  എല്ലാ  കുട്ടികളും  നിര്‍ബന്ധമായും  പ്രാര്‍ത്ഥിക്കണം 
അമ്മമ്മയുടെ    വസ്ത്രം തൊട്ടു  വൃത്തികേടാക്കരുത് ..കിടക്കയില്‍  ചാടിക്കയറാന്‍  പാടില്ലാ  ..
വലിയവര്‍  സംസാരിക്കുന്നിടത്ത്  ചെന്ന് കൂടാ  ..  
 അങ്ങനെ, ഒരു  അഞ്ചോ  ആറൊ വയസ്സ്   മാത്രമുണ്ടായിരുന്ന  എനിക്ക്  ദഹിക്കാന്‍ 
പറ്റാത്ത  കാര്യങ്ങള്‍  ! ആണ്കുട്ടികളോട്  പ്രത്യേക  സ്നേഹം  പ്രകടമായ  രീതിയില്‍ തന്നെ കാണിച്ചിരുന്ന  ആ  'അമ്മമ്മ ' കാഴ്ചയില്‍, പണ്ടെന്നോ  താന്‍  സുന്ദരിയായിരുന്നു  എന്ന്  തോന്നിപ്പിക്കുകയും  ചെയ്തിരുന്നു . 
തടി  കൊണ്ട്  ഉണ്ടാക്കിയ  പിത്തള  പിടികള്‍  ഉള്ള 
മനോഹരമായ    ഒരു  പെട്ടി  അമ്മമ്മയ്ക്ക്  സ്വന്തം  ആയി  ഉണ്ടായിരുന്നു  ..അത്  തുറന്നു  കാണുക എന്നത്  എനിക്ക്  വളരെ ഇഷ്ടമുള്ള  കാര്യമായിരുന്നു  ..പട്ടു  പോലത്തെ  തുണികള്‍  ...ഉണങ്ങിയ  കൈതപൂവിന്റെ  അവശേഷിപ്പുകള്‍ .. രണ്ടു  മടക്കിന്റെ 
സ്വര്‍ണ  മണിമാല   ...പിന്നെ  ഒരു  പ്രത്യേക  അറയില്‍  .സൂക്ഷിച്ചിരിക്കുന്ന  നീണ്ട  പിച്ചാത്തി തുടങ്ങി  പല  വസ്തുക്കള്‍  ആ  പെട്ടിയില്‍  ഉണ്ടാവും  !! ..
വിശേഷാവസരങ്ങളില്‍ വിരുന്നുകാര്‍ക്ക്   വേണ്ടി  മാമ്പഴം  പൂളാനും മറ്റും  പുറത്തെടുക്കുന്ന  ആ  കത്തി  കുട്ടികള്‍  തൊടാന്‍  പാടില്ലത്രേ  ..കൈ  മുറിയും  പോല്‍ ! കത്തി  പോയിട്ട്  ആ  തുണികള്‍ പോലും  ഒന്ന്  തൊടാന്‍ പറ്റുന്ന  അകലത്തില്‍  അമ്മമ്മ    ആരെയും  നിര്‍ത്തില്ലാ..
 ശേഷം  പെട്ടി അടയ്ക്കുമ്പോള്‍    അന്തരീക്ഷത്തില്‍ 
 അവശേഷിക്കുന്ന  ആ  സുഗന്ധം  എന്നില്‍  എല്ലായ്പ്പോഴും  ഒരു  നഷ്ടബോധം  ഉണ്ടാക്കിയിരുന്നു   
  അക്കാലത്ത്  , മറ്റൊരു  ദേശത്ത്  താമസിച്ചിരുന്ന  ഇളയമ്മയെ   സന്ദര്‍ശിക്കാന്‍ ഇടയ്ക്ക് ഞങ്ങള്‍   എന്റെ സ്വന്തം  അമ്മയോടൊപ്പം   പോകുമായിരുന്നു  .
കുട്ടികളെ  കണ്ടാല്‍  പിന്നെ  ഇളയമ്മയ്ക്ക്  ഇരിക്ക പൊറുതിയില്ല..
സൂക്ഷിച്ചു വെച്ചിരിക്കുന്ന  അവലൂസ്‌ഉണ്ട, എള്ളുണ്ട  ഇവയൊക്കെ  നിരത്തും  പിന്നെ  ആരെയെങ്കിലും  പറഞ്ഞു  കടയിലേയ്ക്ക് വിടും  ..ബാക്കി  പലഹാരങ്ങള്‍  വാങ്ങാന്‍ ..എന്നിട്ട്  ഉച്ചത്തില്‍  വിളിച്ചുപറയും  ..'എടാ  ഒരു  സൈക്കിള്‍  എടുത്തു  വേഗം  പൊയ് വരണം ' ..അതിനിടയില്‍  നിര്‍ബന്ധിച്ചു  ചായ   കുടിപ്പിക്കും  .
കുട്ടികള്‍ക്ക് കൂടുതല്‍  പാല്‍  ചേര്‍ത്ത  സ്പെഷ്യല്‍  ചായ  !!! തിരിച്ചു  പോരുമ്പോള്‍  പടിയും  കടന്നു  കുറെ ദൂരം  ഒപ്പം  നടക്കും  ..
അങ്ങനെയിരിക്കെ , ഒരു നാള്‍ ..... എന്റെ  ഓര്‍മയില്‍  ആദ്യമായും  അവസാനമായും  ..ഇളയമ്മ  ഞങ്ങളുടെ  വീട്ടില്‍  വിരുന്നു  വന്നു  !
അന്നത്തെ     ഇളയമ്മയുടെ  രൂപഭാവങ്ങള്‍  ...വര്‍ഷങ്ങള്‍  എത്രയോ  കഴിഞ്ഞിട്ടും  മനസ്സില്‍  മായാതെ  നില്‍ക്കുന്നു  ..
..കടുംപച്ച  നിറത്തില്‍  പുള്ളികളോട്  കൂടിയ  ബ്ലൌസും 
കോടി  മുണ്ടും  നേരിയതും  വേഷം  ..  തനി  കറുപ്പ്  നിറമാര്‍ന്ന  അവരുടെ  ശരീരത്തില്‍  ഒരു  നേര്‍ത്ത  സ്വര്‍ണമാല  തിളങ്ങുന്നു.. അതില്‍ ഇളകിക്കളിക്കുന്ന  താലി !! ..  ..വെറ്റിലക്കറ പിടിച്ച  നീളം  കൂടിയ  പല്ലുകള്‍ ഏറിയ പങ്കും  വായ്ക്കു  പുറത്തു തന്നെ  .. ..പല്ലുകള്‍ക്കിടയില്‍,   വലിയ  വിടവുകള്‍ .. ..നഗ്നമായ  പാദങ്ങള്‍ അഴുക്കു  പുരണ്ടതും,  ഉപ്പൂറ്റി വരണ്ടു കീറിയതും  .
പോരാത്തതിന്  ഒരുകാലില്‍  ചെറിയ  മന്ത്   !!
ഞാന്നു  കിടക്കുന്ന  ചെവിയില്‍ വലിയ  കിഴുത്തകള്‍..പണ്ടെന്നോ  ധരിച്ച  കര്‍ണാഭരണത്തിന്റെ   ബാക്കിപത്രം  !
വെറ്റില മുറുക്കി  വായിലിട്ടു  നിന്ന് , വര്‍ത്തമാനം  പറയുമ്പോള്‍   
ചുവന്ന  തുപ്പല്‍  പുറത്തേയ്ക്ക്  തെറിക്കുന്നതു  ഞാന്‍  നോക്കി നിന്നിട്ടുണ്ട്  ..കൌതുകപൂര്‍വ്വം  !
ഇളയമ്മ  കസേരയില്‍  ഇരിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല  .. ഇതറിയാവുന്ന  അമ്മമ്മ    കുട്ടികളെ  ഒന്നും  തൊടീക്കാതെ  ഭദ്രമായി  സൂക്ഷിച്ചിരിക്കുന്ന   മെത്തപ്പായ എടുത്തു  വിരിച്ചു...  ഇളയമ്മയ്ക്ക്   ഇരിക്കാന്‍  ..!! ഇരിക്കാത്ത  താമസം, അവര്‍ 
ആണ്‍ പെണ്‍ ഭേദമില്ലാതെ  ഞങ്ങള്‍ കുട്ടികളെ പിടിച്ചു ആ  പായയില്‍  അടുത്തിരുത്തി  ,  തടകലും താലോലിക്കലും ഒക്കെ  ചെയ്തുകൊണ്ട്  എന്റെ അമ്മയോട്  നാട്ടു വര്‍ത്തമാനം പറഞ്ഞു    ..വെണ്ണയുടെ  നിറത്തില്‍, മിനുസവും  പതുപതുപ്പുമുള്ള  ആ  പായയില്‍ കിടന്നു  അതിന്റെ  ആ  പ്രത്യേക ഗന്ധം ആസ്വദിക്കാനുള്ള  എന്റെ മോഹം ഞാന്‍ സാധിച്ചെടുത്തത്   ആ  പായയില്‍  കിടന്നു  ഉരുണ്ടു  കൊണ്ടായിരുന്നു  
 ഇളയമ്മ തിരിച്ചു  യാത്രയാകുമ്പോള്‍ കൈവെള്ളയില്‍  വെച്ചുതന്ന ആ   വെള്ളിനാണയം  ആണ് ഓര്‍മയില്‍ എനിക്ക്  പണത്തിന്റെ  രൂപത്തില്‍   ആദ്യം  കിട്ടുന്ന  സമ്മാനം !!
ഇളയമ്മ  പടി  ഇറങ്ങേണ്ട  താമസം  ..ആ  പായ  അമ്മമ്മ    കൊട്ടികുടഞ്ഞെടുത്ത്  തെറുത്ത് വെച്ച്  കളഞ്ഞു   !
എന്നിട്ട്  ആ  നാണയവും  മേടിച്ചു  വെച്ചു... അല്ലെങ്കില്‍  കളഞ്ഞു പോകും പോല്‍   ..
പിന്നെ , പറഞ്ഞത്  മുഴുവന്‍    ഇളയമ്മയുടെ  കുറ്റങ്ങള്‍ ആയിരുന്നു   ..പ്രതേകിച്ചു  അവരുടെ
സൌന്ദര്യം  ഇല്ലായ്മയെപറ്റി  ..ആ കോന്തപല്ലുകള്‍  എടുത്തു  വര്‍ണിക്കപ്പെട്ടു  .
കുട്ടികളെ  വശീകരിക്കുന്നു  ..കാശുകൊടുത്ത്  ചീത്തയാക്കുന്നു... അങ്ങനെ  അങ്ങനെ ..ഒരുപാട്  കുറ്റങ്ങള്‍.അടക്കമില്ലാത്ത  ശബ്ദമാണ്  പോലും  ആ ഇളയ മ്മയ്ക്ക്  ....സ്ത്രീത്വമില്ലായ്മ  !!!!!!
പക്ഷെ , ..പാറയുടെ  മേല്‍   ചിരട്ട  കൊണ്ട്  ഉരയ്ക്കുന്നത്‌ പോലെയുള്ള  ആ  കറകറ ശബ്ദം 
 " എടാ  കുഞ്ഞേ  "  എന്ന സ്നേഹമസൃണമായ 
വിളിയുടെ  രൂപത്തില്‍  എന്റെ ചെവികളില്‍ ഇപ്പോഴും  അലയടിക്കുന്നു ..പെണ്‍കുട്ടികളെ  'എടാ' എന്ന് മാത്രം  വിളിക്കുന്ന  ഒരു ഇളയമ്മ !  
അധിക  നാള്‍  കഴിയുംമുന്പേ  അസുഖ ബാധിതയായി  ഇളയമ്മ  അന്തരിച്ചു  ..
ദേഹം  കത്തിച്ചു  അടക്കിയ  സ്ഥലത്ത്  മണ്ണ്  പൊക്കി  തൈ നട്ടിരിക്കുന്നു  ..!
വര്‍ഷങ്ങള്‍  നിരവധി  കടന്നു പോയി  ..
പക്ഷെ ഇന്നും  ..ആ മണല്‍ കൂനയ്ക്ക്  മുന്‍പില്‍  എത്തിയാല്‍  .. കടും പച്ച  നിറത്തില്‍  പുള്ളികള്‍  ഉള്ള  ബ്ലൌസും  കോടി മുണ്ടും   ധരിച്ച ഇളയമ്മ  നീളമേറിയ  പല്ലുകള്‍ 
പുറത്ത്  കാണിച്ചു  വായ  തുറന്നു വെച്ചു മണല്‍  കൂനയ്ക്ക്  അടിയില്‍ ഉറങ്ങുകയാണ്‌ 
 എന്ന്  വിശ്വസിക്കാനാണ്  എനിക്ക്   ഇഷ്ടം
ആ ഉറക്കത്തിലും  ഇളയമ്മ " എടാ  കുഞ്ഞേ " എന്ന്  വിളിക്കുന്നുണ്ടോ  ..???
ഉണ്ട്  ...അത് കൊണ്ടാവണം  അവര്‍  ഏറെ  സുന്ദരിയായി  എനിക്ക്  അനുഭവപ്പെടുന്നത്... 
ഇട്ടാ  വട്ടത്തിലുള്ള  എന്റെ മുറ്റത്ത്‌ നില്‍ക്കുന്ന  പൂക്കള്‍  എന്നെ  തലയാട്ടി  വിളിച്ചില്ലെങ്കില്‍ ..
അവര്‍ എന്നോട്  കിന്നാരം  പറഞ്ഞില്ലെങ്കില്‍  , പരാതികള്‍  പറഞ്ഞില്ലെങ്കില്‍  '.............
ഈ  പൂക്കള്‍  സുന്ദരങ്ങള്‍  ആണ്  എന്ന്  എനിക്ക്  എങ്ങനെ  പറയാന്‍  ആവും .????

No comments:

Post a Comment