Sunday 22 May 2011

സായാഹ്നം ...

 അപരാഹ്നവും  കഴിഞ്ഞു  ..വീണ്ടുമൊരു  സായാഹ്നം..
 അണിയറയില്‍  ആരോ  കുങ്കുമം  ചാലിക്കുന്നതുപോലെ..ആകാശം 
കുന്നിന്‍ ചെരിവിലെ ജലാശയം നിശ്ചലം ..  .തെളിമയാര്‍ന്നു...
കുന്നിറങ്ങി  ഒരു രൂപം  താഴേയ്ക്ക്  ..
സൂക്ഷിച്ചു  നോക്കി..പരസ്പ്പരം !!
അരികെയെത്തിയിട്ടും  വിശ്വസിക്കാനായില്ല  
മനസ്സിന്റെ  മായാവാതിലുകള്‍  തനിയെ  തുറന്നു  
മണ്‍  ചിരാതുകള്‍   തെളിഞ്ഞു  കത്തുന്നു  .. .
എന്തെ  എനിക്ക്  മറവിയില്ലേ ?
പെട്ടെന്ന്  ആ  രൂപം  വെള്ളത്തില്‍ ഇറങ്ങി ..
ഓളങ്ങള്‍  സൃഷ്ടിച്ചു കൊണ്ട്  ..                                                
അന്തരീക്ഷത്തില്‍  നല്ലതല്ലാത്ത  ഒരു ഗന്ധം  പരന്നു..
വിട  പറയുന്ന  സൂര്യന്‍  ..തൊട്ടരികെ  ..
 

Saturday 21 May 2011

നൂല്‍പ്പാലം

കൌമാരകാലത്തെ  അനുഭവങ്ങള്‍  ഓര്‍ക്കുക  എന്നത്  ...
എല്ലായ്പ്പോഴും  .എല്ലാവര്ക്കും  അത്  രസകരമായി  എന്ന്  വരില്ല  !
അത്തരത്തിലുള്ള  ഒരു  തിക്താനുഭവം മനസ്സില്‍  ഉണ്ടാക്കിയ  മുറിപ്പാടുകള്‍
ഇന്നും  അവശേഷിക്കുന്നു  ..
ഒരേ കാലത്ത്  ,ഹൈസ്കൂളില്‍  പഠിച്ചിരുന്ന  സമപ്രായക്കാരായ  ഞങ്ങളില്‍ 
ഒരാള്‍  പെട്ടെന്ന്  ക്ലാസ്സില്‍  വരാതായി...
ആഴ്ചകള്‍ക്ക് ശേഷം  പറഞ്ഞു കേട്ടു.. "ആ  കുട്ടിക്ക്  തലയ്ക്കു  സുഖമില്ല.."
മാസങ്ങള്‍ക്ക്  ശേഷം , വീടിനു മുന്നിലെ റോഡില്‍  കൂടി  നടക്കവേ ..
പെട്ടെന്ന് എതിരെ ഒറ്റയ്ക്ക്  നടന്നു  വരുന്നൂ  ..ആകുട്ടി ..
മുഷിഞ്ഞ  പാവാട ...കീറിയ  ബ്ലൌസ്  .കയ്യില്‍  ഒരു മരത്തിന്റെ  ചെറിയ ശിഖരം  .
എന്തൊക്കെയോ  തനിയെ സംസാരിച്ചു കൊണ്ട്   വളരെ വേഗത്തില്‍ ആണ്   വരവ്  ..
തൊട്ടു പുറകെ  വരുന്നവര്‍ ,അവള്‍ക്കു  പ്രാന്താണെന്നും, വീട്ടില്‍ നിന്നും  ഇറങ്ങി
ഓടിയതാണെന്നും വിളിച്ചു കൂവുന്നു .. അപ്പോഴേയ്ക്കും  ആ  കുട്ടി  അടുത്തെത്തിക്കഴിഞ്ഞു  !
എനിക്കല്‍പ്പം  പേടിതോന്നി ..പക്ഷെ , അടുത്ത  നിമിഷത്തില്‍ അവള്‍ എന്നെ പേരെടുത്ത്  വിളിച്ചു .
എന്റെ പേടി  എങ്ങോ പോയി ഒളിച്ചു  ..ഞങ്ങള്‍ പഴയത് പോലെ ..കൂട്ടുകാരെ പോലെ അല്‍പ നേരം
സംസാരിച്ചു.. പെട്ടെന്ന് തന്നെ അവള്‍ സ്പീഡില്‍  മുന്പോട്ട് നടന്നു..
മാസങ്ങള്‍ കഴിഞ്ഞു.. ഇതിനീടയില്‍  മുതിര്‍ന്നവര്‍ ആ കുട്ടിയുടെ രോഗത്തെ പറ്റി പലതും പറയുന്നത് കേട്ടു.അതില്‍   ചിലതൊക്കെ ആ പ്രായത്തില്‍  മനസ്സിലാക്കാന്‍  പറ്റാത്തതായിരുന്നു..
പിന്നീടു ഒരിക്കല്‍ കൂടി അതെ റോഡില്‍ അവളെ  കണ്ടു.. കീറി പറിഞ്ഞ ഒറ്റമുണ്ട്  ധരിച്ചു 
കാലില്‍ കയര്‍  കെട്ടി വെച്ച് കാണുന്ന  ആണുങ്ങളെയൊക്കെ  തെറി വിളിച്ചു ,കളിയാക്ക് ന്നവരെയും
കല്ലെറിയുന്നവരെയും ഒക്കെ  തുണി  പൊക്കി കാണിച്ചു , ഓടുകയുമല്ലാ ..നടക്കുകയുമല്ല  എന്ന  പരുവത്തില്‍. മുന്നോട്ട്  .
.അത്ഭുതം  എന്ന്  പറയട്ടെ ..ഇത്തവണയും  എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ  ഒരു  കുട്ടുകാരിയെയും  ദൃഷ്ടിയില്‍ പെട്ട മാത്രയില്‍  തന്നെ അവള്‍ പേരെടുത്ത്
വിളിച്ചു....ഒന്നും മിണ്ടാനാകാതെ  ,ചലിക്കാനാവാതെ  ഞങ്ങള്‍  ..
മനസ്സില്‍ മുറിവായി അവള്‍ നില്‍ക്കെ ,  കാലം ,വര്‍ഷങ്ങള്‍  ആയി മാറി...

 തൊഴില്‍  സംബന്ധമായ ഒരു  പരിശീലനത്തിനായി   .ഒരുനാള്‍ ഞാന്‍ ആശുപത്രിയിലെ ഒരു വെളിച്ചം
കുറഞ്ഞ മുറിയില്‍ നില്‍ക്കെ .......മുന്നില്‍ വെള്ള കോട്ടിട്ട  ഡോക്ടര്‍ ........
ആശുപത്രിയിലെ ഏതാനും ജോലിക്കാര്‍  ചേര്‍ന്നു ഒരു കട്ടിയുള്ള ബെഡ്  ഷീറ്റിന്റെ 
നാല് മൂലയില്‍ പിടിച്ചു പൊക്കി കൊണ്ട് വന്ന രോഗിയെ ഡോക്ടറുടെ  മുന്നിലെ
കട്ടിലില്‍ ഷീറ്റ്‌ സഹിതം  കിടത്തി . വായില്‍ റബ്ബര്‍ കൊണ്ട് ഉണ്ടാക്കിയ വട്ടത്തില്ലുള്ള 
ഒരു  സാധനം  രണ്ടു  വരി പല്ലുകള്‍ക്കിടയില്‍ വച്ചു. രണ്ടു കാലിലും കൈകളിലും 
ആശുപത്രിയിലെ കിങ്കരന്മാര്‍  സര്‍വശക്തിയും  എടുത്ത്  അമര്ത്തി  പിടിച്ചു .
ശേഷം ഡോക്ടര്‍ എന്തോ ചെയ്തു..പിന്നെ ഒരു ബട്ടണ്‍  ഞെക്കി !!!!!!!!!
പ്രകമ്പനം  കൊള്ളുന്ന രോഗിയുടെ  ശരീരം  ..!! നോക്കിനില്‍ക്കെ വളരെ പെട്ടെന്നു   ആ  പ്രകമ്പനങ്ങള്‍  അവസാനിച്ചു
ഒട്ടും താമസിയാതെ , അതെ ഷീറ്റില്‍ ആ രോഗിയെ ഇറക്കി കിടത്തി ..
ആ കിടപ്പില്‍  മാത്രമാണ് രോഗിയുടെ മുഖം എനിക്കഭിമുഖമായി വന്നത് ..
തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറിപ്പോയിരുന്ന ആമുഖത്തെ  കണ്ണുകള്‍ എന്നെ നോക്കി
എന്തോ പറഞ്ഞോ ? ശബ്ദം പുറത്ത്  കൊണ്ടുവരാന്‍ പറ്റാത്ത വിധം അവള്‍ അവശ ആയിരുന്നു !
വര്‍ഷങ്ങളുടെ ഇടവേളയില്‍ ഞാന്‍ അവളെ മറന്നോ  എന്നോ  മറ്റോ ആണോ  ..ചോദിച്ചത്  ..?
ഒരിക്കലും  ഉണങ്ങാത്ത  മുറിപ്പാടുകള്‍ എന്റെ മനസ്സില്‍  സൃഷ്ട്ടിച്ചുകൊണ്ട്  അവള്‍
 എങ്ങോട്ടോ  പോയി ....പക്ഷെ മറഞ്ഞില്ല....
ശേഷം  പിന്നീടു  എഴുതാം  അല്ലെ ... ജെയിന്‍  ...അതായിരുന്നു  അവളുടെ  പേര്..
 

Friday 20 May 2011

സൂര്യന്‍ !!!

 കടുത്ത  വേനലില്‍    കരിഞ്ഞ ശരീരവുമായി  അയാള്‍ എത്തി !
 മുറിവേറ്റ  മനസ്സോടെ  ...കുനിയാത്ത  ശിരസ്സുമായി  ..
 നഗ്നമായിരുന്ന  പാദങ്ങളില്‍  ചുവന്ന തിണര്പ്പുകള്‍  .
സൂര്യാഘാതം  ഏറ്റ ശരീരം  നിറയെ  കുമിളകള്‍  ..
പളുങ്ക്  ഗോട്ടികള്‍  പോലെ, പുറമേ  തിളങ്ങുന്ന  കണ്ണുകള്‍!!
അതിന്റെ  ആഴങ്ങളിലേയ്ക്ക്  നോക്കാന്‍ മിനക്കെടാതെ  ..
നീണ്ട ,വിരലുകളില്‍  കണ്ണ്  നട്ടു...
ഇതെന്തേ  സൂര്യന്‍  ഈ  വിരലുകളെ  മാത്രം  വെറുതെ  വിട്ടത്  ?         
 ഒരു നല്ല   ശസ്ത്രക്രിയാ  വിദഗ്ദ്ധന്റെ  വിരലുകള്‍ എങ്ങനെ 
ആവണം  എന്ന് എവിടെയോ  വായിച്ചതോര്‍ത്തു  .
പിന്നെ  ഓര്‍ത്തത്‌  ഇയാള്‍  എന്തെ  ഒരു ഡോക്ടര്‍  ആയില്ലാ  എന്നാവണം !..
                                
                                          
                                              

Thursday 19 May 2011

പൊരുള്‍ !

സ്കൂളില്‍  പഠിക്കുന്ന  കുട്ടി  ആയിരിക്കെ ,അച്ഛന്‍  പലപ്പോഴായി   പറയുന്ന കാര്യങ്ങള്‍ 
താല്പര്യത്തോടെ  ഞാന്‍  ശ്രവിച്ചിരുന്നു..അതില്‍ ഏറിയ പങ്കും 
മനസ്സിലാക്കാനും  , ഉള്‍ക്കൊള്ളുവാനും   ഒന്നും  ആ പ്രായത്തില്‍  പറ്റിയിരുന്നില്ലാ..
ഒരിക്കല്‍  ഞാന്‍ കേട്ടത്  ഇങ്ങനെ  ...''മനുഷ്യന്റെ  മനസ്സ്  ഒരു നൂല്‍  പാലത്തില്‍ കൂടി 
സഞ്ചരിക്കുന്നു . പിടി  വിടാന്‍  അധിക സമയം വേണ്ടാ  ''
പിന്നീട്  മുതിര്‍ന്ന  പലരും സന്ദര്‍ഭാനുസരണം  ഇത്  പറയുന്നത്  ഞാന്‍  കേട്ടിട്ടുണ്ട്  .
കാലാന്തരേ, എനിക്കും  അതിന്റെ അകപ്പൊരുള്‍  മനസ്സിലാക്കാന്‍  കഴിഞ്ഞു  !!!!!!!!!   
                                                                                                                 

the language of love.......

 മമപിതാ   .....
വളരെ  ഗൌരവക്കാരന്‍  ആയിരുന്നു  എന്റെ അച്ഛന്‍ !
ഒരു  മയവുമില്ലാത്ത  പ്രകൃതം !
'മോളെ ' അല്ലെങ്കില്‍  ' മോനെ ' എന്ന് മക്കളെ ആരെയെങ്കിലും 
ഒരിക്കല്‍  പോലും  വിളിക്കുന്നത്‌  കേട്ടിട്ടില്ലാ  ..
ചെറിയ തെറ്റുകള്‍ക്ക് പോലും മാപ്പ്  കൊടുത്ത്തിരുന്നില്ലാ .
സര്‍ക്കാര്‍  ജീവനക്കാരനായിരുന്ന  അച്ഛന്‍,  
മക്കളും അതുപോലെ ഉദ്യോഗസ്ഥരായി  കാണാന്‍  ആഗ്രഹിച്ചു.
അച്ഛന്റെ  കാര്‍ക്കശ്യ  സ്വഭാവം  മൂലം  വീട്ടില്‍ എന്റെ
അമ്മ   ഉള്‍പ്പെടെ  എല്ലാവര്ക്കും  അച്ഛനെ  പേടി  ആയിരുന്നു
അച്ഛന്‍ , തന്റെ ബാല്യത്തില്‍  ഒരുപാട്  സാമ്പത്തിക ദുരിതം 
അനുഭവിച്ചിട്ടുണ്ട് .എന്ന് അമ്മയില്‍ നിന്നും മനസ്സിലാക്കാന്‍ 
കഴിഞ്ഞു  ..പട്ടിണി  കിടന്നും  പഠിക്കേണ്ടി വന്നിട്ടുണ്ടത്രേ ..
സ്നേഹശൂന്യമായ     അച്ഛന്റെ സമീപനങ്ങള്‍  മക്കളായ 
ഞങ്ങളെ  ഏറെ ദുഖിപ്പിച്ചിരുന്നു  ......
പക്ഷെ  , പില്‍ക്കാലത്ത്  ,അല്പം  വൈകിയാണെങ്കിലും 
ഒരു കാര്യം ഞാന്‍ മനസ്സിലാക്കി....
അച്ഛന്‍ തീരെ  സ്നേഹം  ഇല്ലാത്ത  ഒരു വ്യക്തി  ആയിരുന്നില്ലാ!
മറിച്ച്..സ്നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ..പ്രകടിപ്പിക്കാന്‍ 
തീരെ കഴിവില്ലാത്ത ഒരാള്‍ ആയിരുന്നു അദ്ദേഹം .
ബാല്യകാലത്തെ തിക്തമായ  അനുഭവങ്ങള്‍ ഒരു  പക്ഷെ
അതിനു കാരണമായിട്ടുണ്ടാകാം  ...
എന്നിരുന്നാലും  ....പ്രകടിപ്പിക്കാന്‍ സാധ്യമല്ലാത്ത  സ്നേഹത്തെ
എങ്ങനെ സ്നേഹം  എന്ന് വിളിക്കും ?


    

Wednesday 18 May 2011

സൗഹൃദം .....

 ഓര്‍ക്കാപ്പുറത്ത്  അവന്‍  എത്തി  ..
 ഒരു സൌഹൃദത്തിനായി  കെഞ്ചും  പോലെ    ....
 ആര്‍ദ്രമാനസം കരകവിഞ്ഞ്  ഒഴുകി ..
 ഒരു തെളിഞ്ഞ പുഴ  പോലെ.

പുഴയില്‍ ഒളിഞ്ഞിരുന്ന  മരകുറ്റികളില്‍ തട്ടി..
ഒഴുക്കിന്റെ  താളം  തെറ്റി  ..
അതൊരു  കെണി  ആയിരുന്നു!
പക്ഷെ  ....

ഒന്നും  മനസിലാകാത്ത  മട്ടില്‍  ..
അറിഞ്ഞിട്ടും  അറിയാത്ത മട്ടില്‍ 
പുഴ വീണ്ടും  ഒഴുകി..
ദിശ  മാറി  ...വീണ്ടും  ഒഴുകി...

 

സുരഭി ......

സൌന്ദര്യത്തിന്റെ  പ്രതീകങ്ങള്‍  ആണ്  പൂക്കള്‍  !
ആരാണ്  അവയെ  പ്രണയിച്ചു  പോകാത്തത് ?
മഴയില്‍  കുളിച്ചു  നനഞ്ഞ പൂക്കളോളം 
ഭംഗിയുള്ള  മറ്റെന്തെങ്കിലും  ഈ ഭൂമിയില്‍ ഉണ്ടോ ?

കണ്ണിനു കുളിരേകുന്ന വര്‍ണകാഴ്ച്ചകള്‍..
വേറെ എവിടെയാണ്  ലഭിക്കുക  ?
മുറിവില്‍ തേന്‍ പുരട്ടുന്ന നനുത്ത സുഗന്ധം  ...
തേടി  മറ്റെവിടെ   പോകാന്‍ ..?.


  

Tuesday 17 May 2011

മനസ്സിനക്കരെ ...

 മാതൃഭുമി  വാരികയില്‍  വളരെ  കൌതുകത്തോടെ  ഞാന്‍
നോക്കുന്ന ഒരു പംക്തിയാണ്  '' ആ  ഫോട്ടോയ്ക്ക്  പിന്നില്‍ '' എന്നത്  ..
കഴിഞ്ഞ ആഴ്ചയില്‍  , ശ്രീ .എന്‍ .എല്‍ ബാലകൃഷ്ണന്‍  അവതരിപ്പിച്ചത് 
വളരെ ഹൃദ്യമായി ...
'അച്ഛന്‍ '  എന്ന് തലക്കെട്ട്‌ .
അദ്ദേഹത്തിന്റെ ലളിതമായ എഴുത്തും  അതീവ ഹൃദ്യം !
സ്വന്തം അച്ച്ചന്‍ അദ്ദേഹത്തിനു,താന്‍ കണ്ട ഏറ്റവും നാച്ചുറല്‍ ആയ
മനുഷ്യന്‍ ആയിരുന്നു..  . ഒപ്പം സിനിമകള്‍  കാണാന്‍ കൂടിയ,
കള്ളുഷാപ്പില്‍ഒപ്പമിരുന്നു കള്ളുകുടിച്ച  കൂട്ടുകാരന്‍ !
കുട്ടി  ആയിരിക്കെ അച്ഛന്റെ  തോളില്‍ യാത്ര ചെയ്തു
വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനെ  തോളിലേറ്റിയ മകന്‍ !
അന്ന് അച്ഛന്‍ പറഞ്ഞ ഡയലോഗ്  മകന്‍ സത്യന്‍ അന്തിക്കാടിനോട്‌ 
പറഞ്ഞു..സ്വതസിദ്ധമായ  ശൈലിയില്‍  സത്യന്‍ , ആ തോളില്‍ എടുക്കലും
ഡയലോഗും  '' മനസ്സിനക്കരെ '' എന്ന സിനിമയില്‍ അവതരിപ്പിച്ചു !
'' നിന്നെ ഞാന്‍ കുറെ ചുമന്നതല്ലേ , ഇനി  നീ എന്നെ ചുമക്ക് '' എന്ന്
ഇന്നസന്‍റ്   ജയറാമിനോടു പറയുന്നത്  നാം   കേട്ടതാണ്  ...

മാന്യമായി  മാത്രം മദ്യപിച്ചിരുന്ന  അച്ച്ചന്‍ ...
മരണസമയത്ത്  അച്ഛന്റെ  വായില്‍ ഗംഗാ ജലത്തില്‍ 
മദ്യം കലര്‍ത്തി  ഇറ്റിച്ചു  കൊടുത്ത മകന്‍ !
'നല്ല മൂഡില്‍  സന്തോഷത്തോടെ' അച്ഛന്‍ പോയി                     
 എന്ന് നമ്മോട് പറയുന്ന  മകന്‍  ..
ഉള്ളില്‍  തിങ്ങുന്ന വേദനയോടെ, സ്വന്തം പിതാവിന്റെ
മരണത്തെ ഇങ്ങനെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞ മകനോട്‌                   
അല്പം അസൂയ കലര്‍ന്ന ആദരവ്  തോന്നി..

ഒപ്പം കൊടുത്ത അച്ഛന്റെ പടത്തോടും ആ ആദരവ് അനുഭവപ്പെട്ടു !

ഒരു പേരില്‍ എന്തിരിക്കുന്നു ..


അമ്മിണി  ..ഇതെന്റെ ശെരിയായ  പേരല്ലാ  ..
അച്ഛനും  അമ്മയും  ഇട്ട  പേരുകള്‍ ഒന്നല്ല  ..രണ്ട്
ഒന്ന്  ചെല്ലപ്പേര്  ! അത്  കേട്ടാല്‍  ഞാന്‍  വെറും കുട്ടി !
മറ്റേതു അല്പം നീളം  കൂടിയ പേര്  ..
പക്ഷെ അതും  കുട്ടിയോ കൌമാരക്കാരിയോ ആണെന്ന് 
തോന്നിപ്പിച്ചു  കളയുന്ന  പേര്  !!
അത്  വേണ്ടാ..
പേര് അമ്മിണി എന്നാക്കുമ്പോള്‍  ഓര്മ  വന്നത് 
നമ്മുടെ പ്രിയപ്പെട്ട നടന്‍ ദിലീപിനെ  !
അദ്ദേഹം  മകള്‍ക് പേരിട്ടത്  ' മീനാക്ഷി ' എന്ന്  .
എന്നിട്ട്  വിശദീകരിച്ചു  ....ഈ  പേരിന്റെ  ഗുണം !
കുട്ടി ആയിരിക്കുമ്പോള്‍ ' മീനുക്കുട്ടി ' എന്ന്  വിളിക്കാം ..
കുറേക്കുടി  വലുതാകുമ്പോള്‍  ' മീനാക്ഷി '
പിന്നെയും പ്രായമാകുമ്പോള്‍  ' മീനാക്ഷിയമ്മ '
സംഗതി  കൊള്ളാം  എന്ന്  എനിക്കും  തോന്നി 
'അമ്മിണി '  എന്ന് പറയുമ്പോള്‍  അത്  .....
അമ്മിണിക്കുട്ടി  ആവാം  ..
വെറും  അമ്മിണിയാവാം..
അമ്മിണിയമ്മയും  ആകാം.....
അല്ലെങ്കില്‍  തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു...          
                                                                                  

Monday 16 May 2011

ശ്രീവത്സം !

   കാക്കപുള്ളികള്‍  എന്ന്  വിളിപ്പേരുള്ള  മറുകുകള്‍ രണ്ടുതരംഉണ്ടത്രെ !
   ഒന്ന്  വെറും  ' മച്ച' ങ്ങള്‍  
   മറ്റേതു  സാക്ഷാല്‍  ' മറുക്'

   സംഖ്യാ ശാസ്ത്രം , ജ്യോതിശാസ്ത്രം ,
   പിന്നെ  കൈ  രേഖ ശാസ്ത്രം ..എന്നൊക്കെ  പറയുമ്പോലെ
   ഒരു ശാസ്ത്രശാഖ  ആണ്  പോലും  ഈ  മറുക് ശാസ്ത്രം !
                    
   ഒരു വ്യക്തിയുടെ  ശരീരത്തില്‍  എവിടെയാണ്  ഈ മറുകുകള്‍
   സ്ഥിതി  ചെയ്യുന്നത്  എന്നതിന്റെ  അടിസ്ഥാനത്തില്‍ ...
   അയാളുടെ  സ്വഭാവ  നിര്‍ണയം  സാധ്യമാണ്  !!!!!!!!!!!!!!!!
   ഉദാഹരണത്തിന്  മൂക്കിന്മേല്‍  മറുക്  ഉള്ളയാള്‍
   ദേഷ്യക്കാരന്‍  ആയിരിക്കും   എന്ന് ശാസ്ത്രം  !!!!
   ഓരോരോ  സ്ഥാനത്തെ  മറുകിനും മച്ചങ്ങള്‍ക്കും  ഒക്കെ  വെവ്വേറെ  ഫലങ്ങള്‍  !

   വൈദ്യ  ശാസ്ത്രം  അനുസരിച്ച്  മറുകുകള്‍  പലതരം !
   ചുരുക്കം ചില ഇനങ്ങള്‍ പരിണമിച്ചു  മാരകമായ കാന്‍സര്‍ ആകാനും സാധ്യത  !
 

   ശ്രീ   മഹാവിഷ്ണുവിന്റെ തിരുമാറിലും ഉണ്ട്  മറുക്  !.. ശ്രീവത്സം  ..
   ഋഷി  ഭ്രുഗുവിന്റെ  ചവിട്ടു  കൊണ്ട്  ഉണ്ടായ  കുഴി !! അല്ലെങ്കില്‍  മുറിപ്പാട്.!!!

   മനുഷ്യമനസ്സില്‍   ഉണ്ടാവുന്ന  മുറിപ്പാടുകള്‍  വായിക്കാന്‍  ....
   എന്തെങ്കിലും  ശാസ്ത്രമുണ്ടായിരുന്നെങ്കില്‍......                                         

Without a title....

  മാസങ്ങള്‍  ആയി  കറങ്ങി  നടക്കുകയായിരുന്നു   !!
  പല  പല ബ്ലോഗുകളില്‍  ! ഒടുവില്‍  ...
  ഇവിടെ  ഇങ്ങനെ  തുടക്കം....
  എഴുതാന്‍  ആണെന്ന്  മാത്രം  തെറ്റിദ്ധരിക്കരുത്  !

 വെറുതെ  കുത്തിക്കുറിക്കാന്‍  !
 അറിഞ്ഞതും  , കേട്ടതും  ...
 കണ്ടതും  , കൊണ്ടതും  ..
 പിന്നെ  അനുഭവിച്ചതും അനുഭവിക്കാത്ത്തതും  !!